മലപ്പുറം: മത്സ്യബന്ധന മണ്ണെണ്ണ പ്രതിസന്ധിക്കു ശാശ്വത പരിഹാരം കാണാന്‍ വള്ളങ്ങളില്‍ മണ്ണെണ്ണയ്ക്കു പകരം എല്‍പിജി, സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായവും സബ്സിഡിയും നല്‍കാനൊരുങ്ങി സര്‍ക്കാര്‍.
നിലവില്‍ പെര്‍മിറ്റുള്ള ഒരു ഔട്ട്ബോര്‍ഡ് എൻജിന് പ്രതിമാസം 65 ലിറ്ററോളം മണ്ണെണ്ണ മാത്രമാണു സബ്സിഡിയായി ലഭിക്കുന്നത്. എന്നാല്‍, ഈ ഇന്ധനം മത്സ്യബന്ധന വള്ളങ്ങള്‍ക്കു കടലില്‍ പോയി വരാന്‍ പോലും മതിയാവില്ല.
സ്ഥിതി ഇതായിരിക്കേ പലപ്പോഴും അനുവദിച്ച ഈ വിഹിതം പോലും കൃത്യസമയത്ത് സിവില്‍ സപ്ലൈസ്/മത്സ്യഫെഡ് ബങ്കുകള്‍ വഴി ലഭ്യമാക്കാറില്ല. ഈയൊരു സാഹചര്യത്തില്‍ പൊതുവിപണിയില്‍നിന്ന് 115 രൂപയ്ക്കും അതിനു മുകളിലും തുക നല്കി മണ്ണെണ്ണ വാങ്ങാന്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധിതരാകുകയാണ്.
വലിയ തുകയ്ക്കു മണ്ണെണ്ണ വാങ്ങി കടലില്‍ ബോട്ടിറക്കിയാല് പലപ്പോഴും വേണ്ടത്ര മത്സ്യം ലഭിക്കാറുമില്ല. ഈയൊരു പ്രതികൂലാവസ്ഥ മനസിലാക്കിയാണു സര്‍ക്കാര്‍ എല്‍പിജി, സിഎന്‍ജി കിറ്റുകള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാന്‍ നടപടികള്‍ തുടരുന്നത്.
മത്സ്യവകുപ്പില്നിന്നും സിവില്‍ സപ്ലൈസില്നിന്നും പെര്‍മിറ്റുകള്‍ കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ പെര്‍മിറ്റ് അനുവദിക്കുന്ന പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈനാക്കി ഏകജാലക സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനാണു തീരുമാനം.
യഥാര്‍ഥ മത്സ്യത്തൊഴിലാളികള്‍ക്കുതന്നെ ഇന്ധനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വ്യാജ പെര്‍മിറ്റുകളുടെ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.